Thursday, December 17, 2009

poems-മേഘം


കവിതകൾ - ശ്രീദേവി നായർ
ശ്രീരാഗം

ഓർമ്മപ്പുസ്തകത്തിന്റെ താളുകൾ
നിശ്വാസക്കാറ്റിൽ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടിരുന്നു
കടലാസ്സിന്റെ ഓരത്തു ഞാനെഴുതിയ
കദനങ്ങളുടെ അക്കങ്ങൾ കണ്ണടച്ചു
ദിവസങ്ങളെ മറന്നു
കാണാനാവാത്ത വിധം
കണ്ണുനീർക്കൊണ്ട്‌ വിധിയും
അവയെ മറച്ചുപിടിച്ചു

തലോടിയറിയാൻ ശ്രമിച്ച വിരലുകൾ
നഖക്ഷതം കൊണ്ട്‌ വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാൻ
ശ്രമിച്ചുകൊണ്ടിരുന്നു.


നീ

ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരു തുണ്ടു ഭൂമി
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാൻ ഞാനിന്നും അശക്തയാണ്‌
ഉടമസ്ഥവകാശം ചോദിക്കാൻ ഒരിക്കലും നീ വരരുത്‌
കാരണം എന്റെ ആത്മാവു പോലും
പണയപ്പെട്ടതാണ്‌

എനിക്ക്‌ സ്വന്തം ഞാൻപോലുമല്ല
എന്ന അറിവ്‌ എന്നെ വേട്ടയാടപ്പെടുമ്പോൾ
നിന്നെ ഞാനെവിടെയാണ്‌
സ്വന്തമാക്കിവെക്കേണ്ടത്‌?

തിരുവോണം

തിരുവോണരാത്രി വിട പറഞ്ഞു
തിരികെ വരാമെന്നു വീണ്ടും മൊഴിഞ്ഞു
തീരാത്ത മോഹമായെന്നെ കൊതിപ്പിച്ചു
തീർത്തും വിഫലമായ്‌ പോയ്‌മറഞ്ഞു

ഇനിയും ഉണരാത്ത സ്വപ്‌നങ്ങളിൽ
കസവുടുപ്പിച്ചു കുണുങ്ങി നിന്നു
പൊന്നോണമായി പരിഭവം പങ്കിട്ടു
പൂക്കാതെ നിന്നു പൂമുറ്റങ്ങളും
വിൺവാക്കു ചൊല്ലിപ്പിരിയുവാനായി
വിരുന്നിനായെത്തുന്നു പതിവുപോലെ
പൊന്നോണമെന്നും പൂഞ്ചേല ചുറ്റുന്നു
അറിയാത്ത ഭാവത്തിൽ കാലങ്ങളായ്‌

കാർത്തിക ദീപം
വൃശ്ചികമാസം പുലർന്നു ഞാൻ കണ്ടതും
വൃക്ഷത്തലപ്പിലെൻ പൊൻവിളക്ക്‌
പൂത്തതാമാകാശപ്പൂമരക്കൊമ്പിലായ്‌
കണ്ടെന്റെ മാനസ മൺവിളക്ക്‌

ചുറ്റും നിറഞ്ഞെന്റെ മുറ്റം നിറഞ്ഞെത്തി
കാർത്തികദീപമായ്‌ നിറവിളക്ക്‌
മുറ്റം പടിഞ്ഞിരുന്നാലോലമാടിയ
ചെത്തിപ്പടർപ്പിലെൻ കൽവിളക്ക്‌
കാണാതെ കണ്ടു ഞാൻ നിൻ കവിളത്തൊരു
മാദകപ്പൂമൊട്ടിൻ മണിവിളക്ക്‌
ആരാരോ വച്ചതാം പോലുള്ള പഞ്ചമി
പെണ്ണിന്റെ കവിളിലെ കളിവിളക്ക്‌
ചുറ്റും നിറവിന്റെ പൂങ്കാവനം തന്നിൽ
തെളിയിച്ചെടുത്തതാം നിലവിളക്ക്‌
അണയാത്ത ദീപങ്ങളാക്കി പിന്നെയെൻ
മനമാക്കി,യെന്നാത്മദീപമാക്കി


ശിൽപ്പി
ഏഴു നിറങ്ങളും ചാലിച്ചെടുത്തൊരു
ശിൽപ്പങ്ങളായിരം പൂർണ്ണമായി
ഏഴര രാവിൻന്റെ നീലവെളിച്ചത്തിൽ
സുന്ദരിമാരായവർ കൺതുറന്നു

ശിൽപ്പി തൻ മോഹങ്ങൾ രാവിന്റെ ദുഃഖമായ്‌
ശിൽപ്പി തന്നാശകൾ നൊമ്പരമായ്‌
ശിൽപ്പമായ്‌ മാറിയ ദേവമനോഹരി
ശിൽപ്പിയെ കണ്ണടച്ചാരാധിച്ചു

ശിൽപ്പിയറിയാതെ ,ശിൽപ്പങ്ങളറിയാതെ
ശിൽപ്പസൗന്ദര്യമറിഞ്ഞിടാതെ
രാവിൻന്റെയോരോ നിമിഷവും പിന്നിട്ട്‌
മായയാലന്നവൾ മറഞ്ഞുപോയ്‌വിശപ്പ്‌

അന്തിനേരമായപ്പോളെന്നമ്മ നൽകിയ
കഞ്ഞിയിയിലെൻ കണ്ണീരുപ്പു ചേർത്തു
മോന്തിക്കുടിക്കുമ്പോളെൻ മനമെന്തിനോ
നാളത്തെയന്നത്തെയോർത്തിരുന്നു

കഞ്ഞിക്കലത്തിൽ തവിയിട്ടിളക്കി
ഇല്ലാത്ത വറ്റിനെ തേടിയമ്മ
കൊച്ചനിയനു നൽകുവാനായി
കഞ്ഞിവെള്ളത്തിൽ പരതി വറ്റ്‌

വീർത്ത വയറാൽ കുനിയാൻ കഴിയാതെ
കുഞ്ഞനിയത്തി കരഞ്ഞിരുന്നു
കരയുന്ന കുഞ്ഞിനെ കൈയ്യിലെടുത്തമ്മ
നിറയുന്ന കൺകളിൽ നൽകിയുമ്മ

ഇറയത്തെ മൺചിരാതു കത്തിച്ചുവെക്കാൻ
അമ്മ തെരഞ്ഞു എണ്ണ വീണ്ടും
കാലിയാം കുപ്പികൾ നോക്കി വെറുതേ
നഷ്‌ടബോധത്താൽ പിറുപിറുത്തു

രാവേറെയായപ്പോൽ പാതി മയക്കത്തിൽ
കൂര തൻ വാതിലിൽ കേട്ടു മുട്ട്‌
അമ്മ തൻ നിദ്രക്കു ഭംഗം വരുത്തി
ക്ഷീണിതനായച്ഛൻ മടങ്ങിയെത്തി


പരിഭവങ്ങൾ

തിക്തമാമനുഭവമേറെയുണ്ടിന്നെന്റെ
പരിത്യക്തമാകുമീ മോഹങ്ങളിൽ
ശക്തമാം ഭാഷയിൽ പ്രതികരിച്ചീടുവാൻ
ശക്തിയില്ലാത്തൊരീ പെൺമനം ഞാൻ

അശക്തമാം വാക്കുകൾ ചൊല്ലിപ്പതം വന്ന
നാവിനുമുണ്ടേറെ പരിഭവങ്ങൾ
സത്യത്തിൻ മുഖംമൂടി വയ്‌ക്കുന്നയെന്നോട്‌
മൗനമായെന്നുമവൾ പിണങ്ങിനിൽക്കും

തൊട്ടുതലോടി മയക്കിയവളെ ഞാൻ
എൻ വഴിനീളെ നടത്തിച്ചീടും
ഉള്ളിലടങ്ങാത്ത ദുഃഖഭാരം പേറി
മിണ്ടാട്ടമില്ലാതവൾ തിരിഞ്ഞു നിൽക്കും


ഞാനറിയാതവളെന്നും തനിച്ചിരുന്നാ-
രെയോനോക്കി കാത്തിരിക്കും
ഏറുന്ന ദുഃഖം കടിച്ചമർത്തി നിത്യം
ജീവിത സത്യത്തെപ്പഴിച്ചിരിക്കുംനൻമ

ഒരു വരിയെങ്കിലുമെഴുതുവാനായെങ്കിൽ
നൻമയെന്നെഴുതിടാം കൈകളിൽ ഞാൻ
ഒരു ചിത്രം മാത്രം വരയ്ക്കാനായെങ്കിൽ
അമ്മ തൻ ചിത്രം ഞാൻ വരച്ചുവെക്കാം

ഒരു നോട്ടം മാത്രം നോക്കാൻ കഴിഞ്ഞെങ്കിൽ
നോട്ടത്തിൽ ദീനരെ കണ്ടുനിൽക്കാം-
ഒരു ചിരി മാത്രം നൽകുവാനായെങ്കിൽ
പ്രകൃതിയെ നോക്കി ഞാൻ പുഞ്ചിരിക്കാം

ഒരു ദുഃഖം മാത്രം അനുവാദമെങ്കിലോ
ദുഃഖിക്കും മനസ്സിനെ താങ്ങിനിർത്താം
ഒരു സുഖം മാത്രം കിട്ടുവാനുള്ളെങ്കിൽ
ആ സുഖമെന്നുമായ്‌ മറച്ചുവെക്കാം
മൺകുടിൽ

ഒരഗ്നിസ്ഫുംല്ലിംഗമെന്നധരത്തിൽ വീശി
ചുടുനെടുവീർപ്പുകളെന്നിലെത്തി
അതിനു‍ള്ളിലെന്തോ പദം തെറ്റിനിന്നു
മറ്റൊരു ജ്വാല പോലായി പിന്നെ

നിനക്കാതെ വന്നൊരു നീലവെളിച്ചത്തിൽ
കത്തുന്ന കനലിനു ജ്വാലയായി
താപം നിറച്ചൊരു തപമെന്നു‍ള്ളിലായ്‌
താനെയണയാത്തൊരഗ്നിയായി

രോമകൂപങ്ങളായിരം വട്ടമെൻ
പേർ ചൊല്ലിയുണർത്തിടുമ്പോള്‍
രോമാഞ്ചമില്ലെന്റെയുള്ളിലായോർമ്മകൾ
താപത്തിൽ നീറുമൊരു ഓർമ്മയായി

ദുഃഖത്തിന്നോരത്തു ഞാൻ ചാരിനിന്നൊരു
മൺകുടിലിനും ചോരവാർത്തു
പഴയോല മേഞ്ഞോരാകെട്ടിനകം നിത്യം
കണ്ണീർ മഴയിൽ കുതിർന്നു നിന്നു


ഓർമ്മകൾ

ഓർമ്മകളോടിക്കളിക്കുന്ന മുറ്റത്ത്‌
ഓമനച്ചെപ്പു തുറന്നുവെച്ചു
ഓർക്കുവാനാകാത്ത ഓർമ്മകളിന്നെന്റെ
ഓർമ്മയിൽ രാഗങ്ങളാലപിച്ചു

ഒരു പാടു സ്നേഹം പകുത്തു നൽകിയ
ഒരു പാവമച്ഛനിന്നെന്നെ നോക്കി
ഓർമ്മ പുതുക്കിത്തന്നുള്ളിലായെന്നുടെ
ഓർമ്മയിൽ പൊൻമുത്തമേകി
ഒത്തിരിക്കാലം ഓടിക്കളിച്ചൊരു
പൂമുഖമുറ്റവുമെന്നെ നോക്കി
ഓമനിക്കാനായിയെത്തുമെന്നമ്മ തൻ
നെഞ്ചകം തന്നിൽ ഞാൻ മയങ്ങി
ഓർത്തിരിക്കുവാനാവാത്ത നൊമ്പരം
ഏട്ടന്റെ രൂപത്തിൽ മുന്നിലെത്തി
ഞെട്ടറ്റമൊട്ടു പോൽ എന്നെ വിട്ടോർമ്മകൾ
ഏട്ടൻന്റെ മുന്നിലായ്‌ ഞാൻ വിളമ്പി
പ്രണയത്തിൻ രൂപത്തിലാദ്യമായ്‌ വന്നെന്റെ
ആത്മാവിൽ വച്ചതാം തിരി കെടുത്തി
അറിയാത്ത ഭാവത്തിൽ അകലെയായ്‌പ്പോയൊരു
പ്രണയിയെ ഞാനിന്നുമോർത്തുപോയി

ഒരു ഗാനം


മനം നൊന്തു പാടാം നിനക്കായി ഞാൻ
ഇന്നു മധുമാസഗാനമൊന്നാലപിക്കാം
മധുവൂറും രാവിന്റെ ആലസ്യങ്ങൾ
മിഴിവാർന്നുപോയിയിന്നാർദ്രമായി

കിനാവിൽ ഞാൻ കണ്ട മോഹമെല്ലാം
കസവിന്റെ മറവിൽ പോയൊളിച്ചു
കാഞ്ചനക്കൊലുസ്സുകള്‍ കഥ പറഞ്ഞു
കണ്ണീരിൽ സ്വന്തം മുഖമൊളിച്ചു


പ്രണയകാവ്യം

ഇന്നും മഴക്കാറു പെയ്‌തണഞ്ഞു
ഒരു കിട്ടാക്കടം പോലെ ഞാനലഞ്ഞു
എവിടെയോ കൈമോശം വന്ന മനസ്സുമായി
എന്നുള്ളിലിന്നവൻ പെയ്‌തൊഴിഞ്ഞു

എങ്ങീ ചിന്തകൾ മനസ്സിനുള്ളിൽ
തേങ്ങി വീണ്ടും പതം പറഞ്ഞു
എവിടെയോ കണ്ടു മറന്നപോൽ പിന്നവൻ
എന്നെയറിയാതെ നോക്കിനിന്നു

കണ്ണുകൾ കാണാതെ കദനം നിറച്ചവൻ
കാതുകൾ കേൾക്കാതെ മൊഴിഞ്ഞു മെല്ലെ
അക്ഷരത്തെറ്റുപോലെഴുതി പിന്നവൻ
അറിയാത്ത മോഹത്തിൻ പ്രണയകാവ്യം


ഞാൻ
മനസ്സ്‌ ഒരു അറിയാക്കടൽപോലെ
അതിലലകൾ താണ്ടുക വിധിപോലെ
പറവതൻ ചിറകുമേൽ ഞാനിന്നും
പഴി ചാരാതെയിരിപ്പുണ്ട്‌

വഴിയറിയാതൊരു മനസ്സിന്മതിലുകൾ
വാമൊഴിയാലിന്നു പഴിക്കുമ്പോൾ
വരമൊഴിയാലവയെഴുതി ഞാനെൻ
വിധിമേൽ ചാരി നിൽപ്പുണ്ട്‌
നിറമിഴി കണ്ടു ഞാനിന്നും
നിണമാണെന്നു ധരിക്കുന്നു
നിറമില്ലാത്തൊരു മോഹവുമായി
നിലയില്ലാതെ നിൽപ്പുണ്ട്‌
നിരപുഞ്ചിരിയായെന്നെചുറ്റിയ
നിലാവിൻ കൈകൾ മയങ്ങുമ്പോള്‍
നിളയോടോതി പരിഭവമെല്ലാം
നിന്നെക്കാത്തു ഞാൻ നിൽപ്പുണ്ട്‌

മധുരം
പാതിമയക്കത്തിൽ ചായുമ്മടിത്തട്ടിൽ
അറിയാതെ നേടുന്നു സാന്ത്വനമെന്നും ഞാൻ
ചാഞ്ഞുറങ്ങീടുമാമാറിലായെന്തിനോ
ചാരാതെ നോക്കുന്നു വീണ്ടും നിറകണ്ണാൽ

മാതൃത്വമെന്ന മഹാവാക്കിനർത്ഥവും
മാഞ്ഞുപോകാതുള്ളമെന്തിനോ കേഴുന്നു
ഊറുമുലപ്പാൽ നുകരാൻ കൊതിക്കുന്ന
പിഞ്ചിളം ചുണ്ടുകളായി ഞാൻ മാറുന്നു

കണ്ണുകൾ പൂട്ടിയുറങ്ങാൻ മടിക്കുന്നു
കാതുകളമ്മ തൻ നാദം ശ്രവിക്കുന്നു
ദുഃഖസ്വപ്‌നങ്ങളെ വിടരാതെ നിൽക്കുമോ
വിടരാൻ തുടങ്ങുമെന്മോഹമുണരുമ്പോൾ

അമ്മ
അമ്മ, രണ്ടക്ഷരത്തിലൊതുങ്ങുമർത്ഥമോ
അർത്ഥശൂന്യതയോ?
എന്നെ നോക്കി ചിരിക്കുന്നു അർത്ഥഗർഭമായ്‌
മെല്ലെമെല്ലെ

യൗവനം സമ്മാനിച്ച ഉദരത്തിൻ പുഷ്‌പ്പങ്ങളെ
പൂമരക്കൊമ്പുകളാക്കിമാറ്റിയവളമ്മ
അമ്മയാം കാലത്തിന്റെ ദീനതയാർന്ന മുഖം
വിങ്ങിക്കരയുമ്പോള്‍ നാമെന്തോ മറക്കുന്നു

മിന്നുന്ന കണ്ണുകളിൽ ദീനത നിഴലിക്കും
തുടുത്തൊരു കവിൾത്തടം മെല്ലെ വിളറിടും
അക്ഷരം തെറ്റായി നാവിൽ വീണിടും
നടനത്തിൻ വശ്യത നടക്കാതെ മാറ്റിടും

സകലവും മക്കൾക്കു ദാനമായ്‌ നൽകിയവൾ
സകലവും മക്കൾക്കു നന്മയായ്‌ ചെയ്‌തവൾ
ജീവൻ പോലും മക്കൾക്കു വേണ്ടി ത്യജിച്ചവൾ
തന്നിലെ കഥയില്ലായ്‌മയിലിന്നും ലജ്ജിക്കുന്നു

ശ്രുതി
അറിയാതെ ശ്രുതി മീട്ടിയ
മണിവീണയിന്നെന്റെ
മനതാരിൻ മടിയിൽ മയങ്ങിവീണു
മനമുരുകി രാഗങ്ങളാലപിച്ചു

മധുമാസരാവിന്റെ മാദകഭംഗികൾ
അറിയാതെയെന്തിനോ കൺ തുടച്ചു
കാമുകിയായിന്നു മാറിത്രിസന്ധ്യയും
കാതരയായിന്നു നിന്നുപോയി
നീലക്കടൽ നീളെ നീങ്ങുന്ന മോഹങ്ങൾ
ആഴങ്ങള്‍‌ തെല്ലുമറിഞ്ഞതില്ല
അഴലായെത്തി കരം പിടിച്ചിന്നിവൻ
വിടവാങ്ങിപ്പോയതും ഞാൻ കണ്ടു നിന്നു
അക്ഷരം

പട്ടുടുപ്പിട്ടൊരു ബാലചാപല്യങ്ങൾ
പട്ടുറുമാലിൽ കൺതുടച്ചു
അച്ഛന്റെ കൈ പിടിച്ചിന്നും പതിവുപോൽ
അക്ഷരത്തിൻ ചുറ്റിൽ ഞാൻ നടന്നു

അറിവില്ലാപൈതലായ്‌ യെന്നുള്ളമെന്തിനോ
അറിവുകൾക്കായി പരതി നിന്നു
അറിയാത്ത ഭാവത്തിൽ അച്ഛൻ പിടിവിട്ടു
അകലെയെങ്ങോ പോയ്‌മറഞ്ഞു

അറിവുകളായിരം നേടിയെടുക്കുവാൻ
അക്ഷരമാലയെൻ കൈ പിടിച്ചു
നിരയും മിഴികളാൽ വഴിവക്കിൽ നിന്നു
അച്ഛനെ ഓർത്തു ഞാൻ കരഞ്ഞു

ഹരിചന്ദനം
അറിയാതെയളകങ്ങളൊളിച്ചു വെച്ചു
നീയണിയിച്ചൊരീ ദിവ്യഹരിചന്ദനം
അനുരാഗമെന്നിൽ കളഭമായി
ഇന്നകതാരിൽ ദിവ്യാഭരണങ്ങളായി
ചിലങ്കകൾ ചാർത്തിയ പാദങ്ങളിൽ
ചപലയായി രാധ നോക്കിനിന്നു
കണ്ണുകളാർദ്രമായ്‌ കഥ പറഞ്ഞു
ഉയിരിലെന്നും കദനം നിറഞ്ഞു
യാത്രചൊല്ലീടുവാനാവാത്ത നിന്റെ
മനം പോലും രാധയറിഞ്ഞതില്ല
കൺപീലിതുറക്കാതിരുന്നു പിന്നെ
കാലമാം തോഴനെയാത്മാവിലാക്കി

കാഴ്‌ച്ച
പുകയുന്നു നെരിപ്പോടു നെഞ്ചിനു‍ള്ളിൽ
പുകമറ നിറയുന്നു മനസ്സിനുള്ളിൽ
പുലരിയെ കാക്കുന്ന തമസ്സുപോലെ
കൺതുറക്കാനായ്‌ ശ്രമിച്ചിടുന്നു

കരയുവാനാകാത്ത കണ്ണിണകൾ
കണ്ണടച്ചിരിക്കുന്നു നിറമിഴിയായ്‌
കൺതുറന്നാൽ വീണുടയും
കണ്ണീർത്തുള്ളിയെന്നാത്മാവു പോൽ

കാഴ്‌ചയിലെന്നും നിഴലുകളായ്‌
കണ്ണീരിലൂടെ ഞാനറിവു
അകലുന്ന ബന്ധങ്ങൾ നൊമ്പരങ്ങൾ
അറിയാത്ത മോഹത്തിൻ കാമനകൾ
നാടോടി ഗാനം

കാട്ടുപൊത്തിലെ കല്ലുവെട്ടാങ്കുഴി
കാണാതെ കാൽ ചവിട്ടി നിന്നു
കാട്ടുമൈനയെ കൂട്ടിലടച്ചവൻ
കാട്ടുചെമ്പക തൈച്ചുവട്ടിൽ

കാടാറു മാസവും നാടാറുമാസവും
കൽക്കണ്ടത്തേങ്കനി പാത്തുവെച്ചു
പാടിത്തളർന്നവൻ ആടിത്തിമിർത്തവൻ
പഞ്ഞമാസവും നോമ്പു നോറ്റു
നാടാറുമാസം കഴിഞ്ഞിട്ടുചെന്നപ്പം
കരിക്കാടിക്കഞ്ഞി പകർന്നുവച്ചു
ആറ്റിക്കുടിച്ചവൻ ഊതിക്കുടിച്ചവൻ
കർക്കിടകത്തിലും നോമ്പു നോറ്റു
കണിക്കൊന്ന നട്ടവൻ കാട്ടിലെത്തേവരെ
കന്നിമലഞ്ചോട്ടിൽ കാത്തിരുന്നു
കാട്ടിലെത്തട്ടിലെത്തളിരില വെറ്റില
നാലുങ്കൂട്ടിമുറുക്കിത്തുപ്പി

വാസനപ്പാക്കു ചവച്ചവൻ പിന്നിട്ട്‌
വാസന്തിപ്പൂമാല കോർത്തെടുത്തു
കാത്തിരിക്കുന്ന കന്നിപ്പെണ്ണിന്‌
മുക്കുറ്റിമൂക്കുത്തി തീർത്തെടുത്തു
ഒട്ടല്ല നിന്നതും ചെല്ലം നിറച്ചതും
കാണിക്കയാക്കി കാളിമൂപ്പൻ
കണക്കു കുറിച്ചവൻ കാലം നോക്കി
കാട്ടിലെ പെണ്ണിനിന്നു കല്ല്യാണം

അറിവ്‌

അകലെയെന്റെയാത്മാവു കണ്ടു
അകലങ്ങളിൽ മനസ്സു കണ്ടു
അടുക്കലായ്‌ പിന്നെ ദേഹി കണ്ടു
അറ്റുപ്പത്തിലായ്‌ ഉയിരു കണ്ടു

അടുക്കലെന്നും അകൽച്ച കണ്ടു
അരികിലായി വേഴ്‌ച്ച കണ്ടു
അടുക്കുന്തോറും അറിവു നേടി
അറിയുവാനാകാത്ത മനസ്സു തേടി

പ്രകൃതിമോഹം

പരവതാനി വിരിച്ച പ്രകൃതിയെ ഞാൻ നോക്കിപ്പോയ്‌
പാവിരിച്ചുറങ്ങാനായ്‌ ഞാനിന്നു കൊതിച്ചുപോയ്‌
പട്ടുടുത്തുനിന്നവളെ ഞാനൊന്നു നോക്കിപ്പോയി
പാവാടത്തുമ്പു തൊട്ടു ഞാനിന്നു കൂടെപ്പോയി

നീലക്കൺത്തിളക്കത്തിൽ ഞാനിന്നു ഭ്രമിച്ചുപോയ്‌
നിശീഥിനിയെക്കണ്ടു ഞാനൊന്നു ചിരിച്ചുപോയ്‌
താമരത്തടാകം കണ്ടു ഞാനൊന്നു മറന്നുപോയ്‌
താനെ ചിരിതൂകിയവളിൽ ഞാൻ ലയിച്ചുപോയ്‌

കാർമേഘം വന്നു പിന്നെ കണ്ണീരൊഴുക്കിപ്പോയ്‌
വെൺമേഘം വന്നുടൻ ചിരി തൂകി കടന്നുപോയ്‌
കാറ്റായി വന്നെന്റെ മനസ്സിനെത്തഴുകിപ്പോയ്‌
കാമുകനായ്‌ വന്നു വീണ്ടും കണ്ണീരൊപ്പിപ്പോയ്‌
മോഹങ്ങൾ വന്നെന്റെ മോഹമെല്ലാമറിഞ്ഞുപോയ്‌`
തീരാത്ത ദാഹമായി ഉള്ളിൽ ഞാൻ തേങ്ങിപ്പോയ്‌

ചുവടു തെറ്റിയ നർത്തകി

പൊട്ടിയ കുമിളകൾ പോലെന്റെ ഗാനങ്ങൾ
പൊങ്ങിയും താണും ശ്രുതിമുറിഞ്ഞു
ആദിമഗാനങ്ങൾ എന്നു‍ള്ളിലന്നൊരു
അന്തിമഗാനമായ്‌ ചമഞ്ഞു
മീട്ടിയ വീണതൻ നാദമെനിക്കപ്പോൾ
ഘോരകഠോരമാം നാദങ്ങളായ്‌
മിന്നുന്ന ദീപങ്ങൾ എന്നുള്ളിൽ വീണ്ടും
മിന്നലേകും ഭയം കാട്ടിയപ്പോൾ
നാദധ്വനികളാം പക്കമേളങ്ങൾ
ഘോരതപം ചെയ്യും തപസ്വിനിയായ്‌
നീളുന്ന കൺകളിൽ കണ്ടു ഞാനാദ്യമായ്‌
മാലയാം സദസ്സിൻ ആരവങ്ങൾ
എന്നുള്ളിൽ നിറയും ദുഃഖങ്ങള്‍ക്കൊക്കെ
കൂട്ടിനായ്‌ വന്നു ഒരു കുളിർത്തെന്നലായ്‌
കൂട്ടത്തിൽ നിന്നൊരു പിഞ്ചിളംകുഞ്ഞിന്റെ
കീർത്തനമൊത്ത ഇളം വിലാപം
നീറുന്നയെൻ മനം ദാഹിയായി
ദാഹം പത്തി വിടർത്തിയാടിയാടി
ചുറ്റും നിരന്നൊരു പാനപാത്രമാകെ
തീർത്തവയാടി വിഷം ചീറ്റിയാടി
ചുറ്റും വിഷം വീണു കംബളം തന്നിലെ
പുഷ്പ്പങ്ങളെല്ലാം കരിഞ്ഞുപോയി
വേഗതയേറിയ ചുവടിൻ കാറ്റേറ്റ്‌
പുഷ്പ്പങ്ങളെല്ലാം പറന്നുപൊങ്ങി

പാദസരത്തിലെ മുത്തുകള്‍ ഞെട്ടലാല്‍
ഓരോന്നോരോന്നായടർന്നു വീണു
ശേഷിച്ച മുത്തുകൾ പേടിച്ചരണ്ടപ്പോൽ
ശബ്ദമുതിർക്കാതെ മയങ്ങിവീണു
ഉൺമ

പിരിയുവാനാവാത്ത നൊമ്പരപ്പാടത്തെ
പാതയോരത്തു ഞാൻ വിത്തു പാകി
വിത്തു മുളച്ചുള്ളിലുണ്ടായ പൂച്ചെടി
തുമ്പിൽ ഞാനെന്നുടെയുൺമ കണ്ടു
ജന്മങ്ങൾ കണ്ടൊരു നൻമ തൻ പൂക്കളിൽ
ജന്മജന്മാന്തരം കണ്ടെടുത്തു
ആയിരം രാവുകൾ കാതോർത്തിരുന്നിട്ടും
പൂങ്കുയിൽ നാദം ഞാൻ കേട്ടതില്ല

മണ്ഡൂകം

ആമന്ത്രണം നടത്താൻ തുടങ്ങുന്ന
മാന്ത്രികരാം ചെറുപ്രാണികളിവർ
രാത്രി തൻ നിശ്ശബ്ദത തന്നിലെന്നും
രാത്രിമഴക്കൊപ്പം മന്ത്രിച്ചിടും

മന്ത്രധ്വനികളിൽ തിരിച്ചറിഞ്ഞവയെ
മന്ത്രമാം കർമ്മത്തിലാവാഹിച്ചിടും
മന്ത്രങ്ങളേതെന്നു സ്വയമറിഞ്ഞിട്ടവ
മന്ത്രധ്വനികളെ മന്ത്രനൂപുരമാക്കിവെക്കും
മഴയൊന്നു തൊട്ടാൽ മന്ത്രം ജപിക്കുന്ന
മണ്ഡൂകരാജാവിൻ മധുമന്ത്രണം
എന്നും കേട്ടെന്റെ കർണ്ണങ്ങളിൽ
അർത്ഥമറിയാതെ കാതോർത്തു ഞാൻ

പ്രകൃതിയെയറിഞ്ഞ ഭാവസങ്കൽപ്പങ്ങൾ
ഭാവനാചാതുര്യം കട്ടി നിന്നു
കൂപമണ്ഡൂകമെന്നാക്ഷേപം നേടിയ
മണ്ഡൂക രാജൻ മിടുക്കനവൻ
മണ്ഡൂകമായ്‌ പിറന്നെങ്കിലും
പ്രകൃതിയെ തിരിച്ചറിയുന്നവൻ
പ്രകൃതി തൻ നാദം ശ്രവിക്കും മിടുക്കൻ
മഴയെ പ്രണയിക്കും കാമുകനവൻ

മർത്ത്യനെക്കാളും മിടുക്കനവൻ
മർത്ത്യനില്ലാ ഗുണം നേടിയവൻ
മഴയെ തിരിച്ചറിയുന്നവൻ
പ്രകൃതി തൻ ഓമനപ്പുത്രനിവൻ

ഇടിവെട്ടു നാദം മഴമേഘരൂപം
കണ്ടിട്ടും കാലരെയറിയാത്തവർ
മഴയെത്തും നേരത്തെ കാതോർത്തിരിക്കും
ശാസ്ത്രത്തിൻ മേൽക്കോയ്‌മ അറിഞ്ഞവർ നാം

മോചനം

വസ്ത്രാഞ്ചലത്താൽ മറയ്ക്കാൻ ശ്രമിക്കുമെൻ
നഗ്നമാം മേനിയിൽ തീ പടർത്തി
പിച്ചിപ്പറിച്ചവൻ രോഷത്തിൻ വിത്തുകൾ
പാകുവാൻ വീണ്ടും നഗ്നയാക്കി

ഇറ്റിറ്റുവീഴും വിഴുപ്പിൻ വിയർപ്പിലെൻ
ആത്മാവുപോലും പരിതപിച്ചു
ദുശ്ശാസനനായ്‌ വീറു കാട്ടിയവൻ
ഉള്ളിൽ ഞാനൊരു പാഞ്ചാലിയും
രക്ഷക്കായെത്താൻ കഴിയാതെ അഞ്ചുപേർ
പഞ്ചഭൂതങ്ങളായെന്നിൽ ഒത്തുചേർന്നു
ഞെട്ടറ്റ അഞ്ചിതൾപ്പൂവുപോൽ മാനസം
പഞ്ചാഗ്നി മദ്ധ്യേ കൊഴിഞ്ഞുവീണു

മേഘം

നീലാകാശമേ നിന്നെ നോക്കി
എത്രമേൽക്കാലം ഞാൻ കാത്തുനിന്നു
മൂടുപടമിട്ട നിന്മുഖം തന്നിൽ ഞാൻ
എത്രയോ വട്ടം ഒളിഞ്ഞുനോക്കി

കണ്ടില്ലൊരിക്കലും നിന്മുഖം സുന്ദരം
കണ്ടില്ലൊരിക്കലും വേദനയും
വൈകുമീ വേളയിൽ നിന്നെക്കുറിച്ചു
എന്തിനേറെ ചിന്തിച്ചിടുന്നു

എന്നുമീയാകാശചാമരം തന്നിൽ നീ
എന്നുമെനിക്കദൃശ്യയായി
കൽപ്പാന്തകാലം തപസ്സിരിക്കും
സൂര്യന്റെ ചൂടേറ്റു മങ്ങിടാതെ
നിത്യതേജസ്വിയാം സൂര്യനു നീയെന്നും
ധർമ്മം വെടിയാനുള്ള ധർമ്മപത്നി
മറയും മേഘം ഞാൻ നിന്നെ നോക്കി
എന്നും കനവുകൾ നെയ്‌തിടുന്നു.

ലോകതത്വം
വീണ്ടും വികാരങ്ങൾ മായാപ്രപഞ്ചത്തിൽ
മാനവരാശിയെ നോക്കിച്ചിരിക്കുന്നു
വീണ്ടും പ്രതാപങ്ങൾ എന്തിനുമേതിനും
കാണാതെപോകുന്നു കാണാക്കിനക്കളെ
കർമ്മത്തിനും കർമ്മകാണ്ഡത്തിനും
കഷ്ടത മാത്രമാണെന്നും പ്രതിഫലം
കാണാത്ത മോഹത്തിൻ വേണ്ടാത്ത കർമ്മങ്ങൾ
ഒന്നൊഴിയാതെ നിരത്തിലിറങ്ങുന്നു

വേദാർത്ഥങ്ങളെന്നും ചിരിക്കുന്നു
വേദനപോലുമൊരു കാലം രോമാഞ്ചം
മാനവ ഹൃദയത്തിന്നാഴങ്ങൾ തന്നുള്ളിൽ
വേദാന്ത ചിന്തകൾ പാടെ മറയുന്നു

എന്റെ അച്ഛൻ

അച്ഛന്റെ വരദാനമൊക്കെയും
ഇക്കടലാസ്സിൽ ഞാൻ കുറിച്ചിടുന്നു
ഒട്ടൊല്ലൊരിക്കലും കാണാത്ത കനവുകൾ
ഇന്നുമെന്നോർമ്മയിൽ കണ്ടിടുന്നു
പിച്ചവെക്കും ഇളം മേനിയെത്താങ്ങുന്ന
സ്നേഹത്തിൻ ചുമലുകളോർത്തു നിന്നു
പിഞ്ചിളം മേനി തൊട്ടുതലോടി
ദേവിയെന്നെന്നെ വിളിച്ചിരുന്നു
പെൺകുഞ്ഞു പൊന്‍‌കുഞ്ഞെന്നായിക്കരുത്തിയ
പൊന്നച്ഛനു ഞാൻ പുത്രിയായി
മറ്റൊന്നും നൽകുവാനില്ലാത്തൊരച്ഛൻ
തന്നക്ഷരശുദ്ധിയെനിക്കു നൽകി

വേണ്ടതെല്ലാമെനിക്കേകാൻ കഴിയാതെ
വേണ്ടുന്നതായൊരു ചിന്ത നൽകി
അക്ഷര ദേവിയെ സാക്ഷിയാക്കി
വേണ്ടുന്ന മന്ത്രമെനിക്കു നൽകി
മറവിതൻ മായയിൽ വർഷം കഴിഞ്ഞാലും
അച്ഛന്റെ ഓർമ്മയിൽ ഞാൻ മയങ്ങും
വന്ദ്യവയോധികനായിരുന്നെന്നച്ഛൻ
ജീവിത വീഥിയിൽ വഴിക്കാട്ടിയായ്‌


സത്യവും മിത്ഥ്യയും

നേരറിയാതുള്ള നേരിന്റെ നേരിനെ
നേരായിക്കണ്ടു ഞാൻ നേർവഴിയായി
നേരമില്ലാത്ത നേരത്തു ഞനെത്തി
നേരുന്നു നേരിനെ നേരാക്കുവാൻ
മോഹമില്ലാതെ ഞാൻ മോഹിച്ചതൊക്കെയും
മോഹനകാന്തിയായ്‌ മോഹിതമായ്‌
മോഹിച്ചതിനായി മോദമോടെന്നുമേ
മോഹമായ്‌ വന്നെന്റെ മോഹങ്ങളിൽ
ചിന്തയിലെന്നുമേ ചിന്തിക്കാതെന്നും ഞാൻ
ചിന്താമഗ്നയായ്‌ ചമഞ്ഞു നിന്നു
ചിന്തകൾ ചാലിച്ച സന്ധ്യകൾ ഞാനെന്റെ
ചിന്തയിൽ ഓർത്തെടുത്തു വച്ചു

കാരണമില്ലാതെ കാര്യത്തിലെന്നുമേ
കാരണമാക്കി കരഞ്ഞിരുന്നു
കണ്ടതിലൊന്നു മനസ്സു തുറക്കാതെ
കാഴ്‌ചകൾ തേടി ഞാനലഞ്ഞു
കേൾക്കാതെ ഞാനെന്നും കാതിൽ കേട്ടവ
കാതിലെന്നും പ്രതിധ്വനിച്ചു
കാതിൽ നിന്നും പുറപ്പെട്ടു ചെന്നവ
നാവിലെത്തി പദങ്ങളായി

കാണാത്തതൊക്കെയും കണ്ടു ഞാനുള്ളിന്റെ
കാണാത്ത ഭാവങ്ങൾ കണ്ടു പിന്നെ
കാണുമ്പോളെൻ ഉയിരിൽപ്പറയുവാൻ
കാണാതെ മനപ്പാഠമാക്കി
പേരറിയാതുള്ള പേരിന്റെ പിന്നാലെ
പേരിനായ്‌ പ്പാഞ്ഞുപിന്നെ
പാരിലെല്ലാം പരതിപ്പിന്നെ
പൊരുൾ തേടുന്ന പേരിനായ്‌ കാത്തു നിന്നു

മകൻ
സാരിത്തുമ്പിൽ കെട്ടിയിട്ടു വളർത്തി-
യെന്മകനെ ഞാൻ
ഓരോ ശ്വാസം ഉള്ളിലെടുത്തു നൽകി-
യവനു ശ്വസിക്കുവാൻ

ഓരോ രോമം കിളിർക്കുമ്പോഴു-
മവനു വേണ്ടി ഞാൻ
ഒരായിരം സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടി
പിച്ചവെക്കാൻ തുടങ്ങിയപ്പോൾ
എന്നിലേയമ്മയത്ഭുതത്താൽ
സ്വർണ്ണനൂലിൽ പാദുകങ്ങൾ തുന്നി നൽകി
അമ്മയെന്നാദ്യമായ്‌ വിളിച്ച
നേരത്തു ഞാൻ
എന്നാത്മാവുതന്നെയുമവനു നൽകി
ആദ്യമായക്ഷരങ്ങൾ കുറിക്കാനവനു ഞാൻ
എൻ ജീവക്കരത്താൽ മഷിയുണ്ടാക്കി
നിന്നിലേയെന്നെ ഞാൻ കണ്ടറിഞ്ഞപ്പോഴും
നിന്നുയർച്ചയെൻ രോമാഞ്ചമായ്‌

എന്നിലെ നിന്നെ നീ കണ്ടറിഞ്ഞീലയോമലേ
നിന്നിലൂടെന്നും ഞാൻ ജീവിച്ചിടും
എൻ ചുടുകണ്ണീർ വളമാക്കി ,മരമായി
അമ്മക്കു മകനായ്‌ നീ വളർന്നീടണം

ജനിക്കാത്ത മകൾക്ക്‌

എന്നുള്ളിൽ ജീവതരംഗമായ്‌ ഓമലേ
എന്നിൽ നീയെന്നും നിറഞ്ഞുനിൽക്കും
പൊയ്‌പ്പോയ നഷ്ടത്തിൻ തീരാദുഃഖത്തിൻ
എന്നും നിന്നെ ഞാൻ കാത്തിരിക്കും
കാണാക്കടലിന്റെ ആഴത്തിൽ നിന്നെ ഞാൻ
ചെറുതോണിയായി പിന്‍‌തുടരും
എന്‍‌ ദുഃഖമാകുമീയാഴക്കടലിൽ ഞാൻ
നിന്നെയും തേടിയലഞ്ഞിടുന്നു
തുഴകളെൻ കൈകളിൽ ഊർന്നിറങ്ങുമ്പോഴും
കൈകൊണ്ടു ഞാൻ തുഴഞ്ഞിടുന്നു
കാലുകൾ കുഴയാൻ തുടങ്ങുമ്പോഴും മനം
നിന്നെക്കാണാതലഞ്ഞിടുന്നു
കരകാണാക്കടലമ്മ ദുഃഖത്തിന്നാഴത്തിൽ
എന്‍‌കുഞ്ഞേ നിന്നെത്തിരഞ്ഞിടുന്നു
എങ്ങുപോയ്‌ നീയെന്നെ വിട്ടുപോയെങ്കിലും
ഇന്നും നീയേകുന്നു സങ്കടങ്ങൾ

ഇന്നും നിന്നോർമ്മകൾ അമ്മക്കു ദുഃഖങ്ങൾ
നിന്നുടെ പുഞ്ചിരി എൻ സ്വപ്‌നമായ്‌
ജനിക്കാത്ത നീയെന്നും അമ്മക്കു നോവായി
അമ്മ തൻ ജന്മത്തിൻ വേദനയായ്‌

ഏകാന്ത ദുഃഖങ്ങൾ തഴുകിത്തണലായി
എന്നുമീയമ്മക്കു കൂട്ടിരിപ്പായ്‌
അദൃശ്യയായ്‌ നീയെന്നിൽ നിറയുന്നു മകളെ
നിറയുന്ന കണ്ണുനീർ ഒപ്പിടുന്നു

നിന്നെ തൊട്ടു തലോടുവാൻ വേണ്ടി ഞാൻ
ഉദരത്തിൽ മെല്ലെ തൊട്ടുനോക്കി
ഇല്ലെന്നറിവോടെ വീണ്ടും തകരുന്നു
നഷ്ടബോധത്താൽ കരഞ്ഞിടുന്നു

ജന്മങ്ങൾ ഇനിയും കടന്നുപോകും
അന്നു നീ വീണ്ടും ജനിച്ചിടുമോ?
ഒരു നാളും കൈവിടില്ലോമനേ നിന്നെ
ഞാൻ അരുമയായ്‌ വീണ്ടും ഓമനിക്കാം

ചുമടുതാങ്ങി

പ്രിയമിത്രമേ
നീയെൻ ചുമടുതാങ്ങി
എൻ ചുമടെല്ലാം നിന്നിലിറക്കിവച്ചു
എൻ ഭാരം‌ ചുമക്കുവാൻ പ്രാപ്‌തനായ്‌ വന്ന നീ
തെല്ലൊന്നു ചുമലുകൾ താഴ്‌ത്തിടണം
നീളുന്ന പന്ഥാവിൽ നീയെനിക്കേകിയ
ശക്തമായ്‌ പാകിയ ചുമടുതാങ്ങി
ദുഃഖഭാരമെല്ലാമിറക്കിവച്ചീടുവാൻ
ഉത്തമനായൊരു താങ്ങുകല്ലായ്‌
എന്നുമീയേകാന്ത വീഥിതന്നോരത്തു
എന്നുമെനിക്കൊരാശ്രയമായ്‌
കല്ലായിരുമ്പായി മാനുഷരൂപമായ്‌
നിൽക്കുമോ മഴയും വെയിലുമേറ്റു വാങ്ങി?